Related Posts with Thumbnails

2010-02-14

വിശ്വാസികള്‍ക്കായി`തത്ത്വമസി’



രിടവേളയ്‌ക്കുശേഷമാണ്‌ മലയാളത്തില്‍ മറ്റൊരു പുണ്യപുരാണ സിനിമ എത്തുന്നത്‌. ദൈവങ്ങളുടെ സീരിയല്‍ ചാകരക്കാലത്ത്‌ അവയുമായി പിടിച്ചുനില്‍ക്കുകയെന്നത്‌ ഇത്തരമൊരു സിനിമയെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്‌. ശബരിമല അയ്യപ്പന്റെ ചരിതമാണ്‌ ഈ തത്ത്വമസിയുടെ പ്രമേയമെങ്കിലും അതിനെ കാലികമാക്കി മാറ്റുന്നതില്‍ വിശ്വചൈതന്യ മികവ്‌ കാണിച്ചിട്ടുണ്ട്‌. ഈശ്വരഭക്തിയുള്ളവരെ ഈ സിനിമ ആകര്‍ഷിച്ചേക്കാം. അതില്ലാത്തവര്‍ ഈ സിനിമ കാണാതിരിക്കുകയായിരിക്കും നല്ലത്‌. കാരണം കണ്ടുപോകാമെന്നതിലുപരി മറ്റു പ്രത്യേകതകളൊന്നും ഒരു സിനിമയെന്ന നിലയില്‍ `തത്വമസി’ക്കില്ല.
ഒന്നര പതിറ്റാണ്ടു മുമ്പ്‌ ഭരണകൂടം, ഗാന്ധാരി, ചന്ത തുടങ്ങിയ സിനിമകളിലൂടെ ബാബു ആന്റണിയുടെ താരമൂല്യം ഉയര്‍ത്തിയ സംവിധായകനായ സുനില്‍ ആധ്യാത്മികജീവിതപാതയിലെത്തിയ ശേഷം വിശ്വചൈതന്യ എന്ന പേരു സ്വീകരിച്ച്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്‌ `തത്വമസി’.

ഈശ്വരഭക്തി ഇല്ലാത്തവര്‍ ഈ സിനിമ കാണാതിരിക്കുകയായിരിക്കും നല്ലത്‌. കാരണം കണ്ടുപോകാമെന്നതിലുപരി മറ്റു പ്രത്യേകതകളൊന്നും ഒരു സിനിമയെന്ന നിലയില്‍ `തത്വമസി’ക്കില്ല.
ആദിമധ്യാന്തം ശബരിമല അയ്യപ്പന്റെ ചരിതം പറയുന്ന ഒന്നിലധികം സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്‌. ഇവയിലേറെയും സ്റ്റുഡിയോയില്‍ സെറ്റിട്ടെടുത്തവയായിരുന്നു. അയ്യപ്പചരിതത്തിന്റെ അവസാനം ദൈവാനുഗ്രഹത്തിനുള്ള ചില അനുഭവസാക്ഷ്യങ്ങളും ഇത്തരം സിനിമകളില്‍ കഥകളുടെ ഭാഗമായിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി കാലികമായ ഒരു കഥാസന്ദര്‍ഭത്തിലൂടെ അയ്യപ്പചരിതം അനാവരണം ചെയ്യുന്നുവെന്നതാണ്‌ തത്ത്വമസിയുടെ പ്രത്യേകത.
നിരീശ്വരവാദിയായ രമേശനെന്ന പൊലീസുകാരന്‍ ഈശ്വരവാദിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതാണ്‌ സിനിമയുടെ കഥ. ഇതിലേക്കു രമേശനെ നയിക്കുന്ന ഘടകങ്ങള്‍ക്കിടയില്‍ സ്വാമി അയ്യപ്പന്റെ കഥകള്‍ ഗുരുസ്വാമിയുടെ വചനങ്ങളായി പറയുന്നു. സമാന്തരമായി പോകുന്ന രണ്ടു കഥകള്‍ എന്നു വേണമെങ്കില്‍ പറയാം.
ഈ ആഖ്യാനതന്ത്രത്തില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. പക്ഷെ, കഥയുടെ അവസാനം പതിവ്‌ ഈശ്വരകഥകള്‍പോലെ ദൈവീകശക്തിയും ദൈവത്തിന്റെ ലീലാവാലാസങ്ങളും ഈ സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട്‌. സിനിമയുടെ പിന്നണിക്കാര്‍ ലക്ഷ്യമിടുന്നത്‌ അതായതിനാല്‍ അത്തരമൊരു കഥാഗതി ഈ സിനിമയിലുണ്ടായതില്‍ അത്ഭുതമില്ല.
പതിവ്‌ അയ്യപ്പകഥകളില്‍ നിന്നു വ്യത്യസ്‌തമായിട്ടാണ്‌ ഇതില്‍ മഹിഷിയെ അവതരിപ്പിക്കുന്നത്‌. പോത്തിന്റെ തലയുള്ള ഈ ഭീകരരൂപത്തെ പൂര്‍ണമായും ഒഴിവാക്കി മഹിഷിയ്ക്ക് മനുഷ്യരൂപം കൊടുത്ത് മൃഗബുദ്ധി എന്ന സങ്കല്‍പത്തെമാത്രമെടുത്ത് ആ കഥാപാത്രത്തില്‍ ലയിപ്പിച്ചിരിക്കുന്നു. പുലിപ്പാലിനായി പോയി പുലിപ്പുറത്തു വരുന്ന അയ്യപ്പനേയും സിനിമയില്‍ നേരിട്ടു ചിത്രീകരിച്ചിട്ടില്ല. ഈശ്വരവാദികളോട്‌ നിരീശ്വരവാദികള്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ആധ്യാത്മിക മറുപടികള്‍ വിവിധ കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച്‌ ഗുരുസ്വാമിയുടെ, സംഭാഷണത്തിലൂടെ സംവിധായകന്‍ പങ്കുവയ്‌ക്കുന്നു.
thathwamasi2
സിനിമയിലെ ഗാനങ്ങളാണ്‌ എടുത്തുപറയേണ്ട മറ്റൊന്ന്‌. ഭക്തിഗാനങ്ങളുടെ ശ്രേണിയില്‍പെട്ടവയാണ്‌ ഇവയെല്ലാം. കഴിഞ്ഞ മണ്‌ഡലകാലത്ത്‌ ഏറ്റവുമധികം വിറ്റുപോയതും തത്വമസിയിലെ ഗാനങ്ങളടങ്ങിയ സി.ഡിയായിരുന്നു. തീര്‍ഥാടനത്തിനിടയ്‌ക്കു പലര്‍ ആലപിക്കുന്ന രീതിയില്‍ ഉള്‍പ്പെടുത്തിയ ഗാനങ്ങള്‍ പലതും കഥാഗതിയുമായി ചേര്‍ന്നു പോകുന്നവയല്ല.കൈതപ്രവും ചന്ദ്രന്‍ നായരുമാണ്‌ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്‌. മുപ്പതു വര്‍ഷത്തിനു ശേഷം ഹരിവരാസനം ഈ സിനിമയ്‌ക്കു വേണ്ടി യേശുദാസ്‌ വീണ്ടും പാടിയിരിക്കുന്നു.
അഭിനയത്തിന്റെ കാര്യത്തില്‍ താരങ്ങള്‍ക്കാര്‍ക്കും കാര്യമായിട്ടൊന്നും ചെയ്യാനില്ല. എന്നാല്‍ മണിക്കുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ധനഞ്‌ജയ്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. വിനീത്‌ തന്റെ പതിവു വേഷങ്ങളില്‍ നിന്നു വ്യത്യസ്‌തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു‌. സിനിമയ്‌ക്കായി മനോഹരവും അനുയോജ്യവുമായ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിട്ടുമുണ്ട്‌. ചില ദൃശ്യങ്ങള്‍ പമ്പയിലും സന്നിധാനത്തുമായി ചിത്രീകരിച്ചിരിക്കുന്നു. ദൃശ്യഭംഗി ഒപ്പിയെടുക്കുന്നതില്‍ വിപിന്‍ദാസ്‌ ഏറെ മികവു പുലര്‍ത്തുന്നു. `പുറപ്പാട്‌’ എന്ന സിനിമയ്‌ക്കു ശേഷം ബിഗ്‌ സ്‌ക്രീനില്‍ നിന്നു മാറി നിന്ന വിപിന്‍ദാസ്‌ പതിനെട്ടു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ വീണ്ടും സിനിമാഛായാഗ്രാഹകനാകുന്നത്‌.

No comments:

Post a Comment